ഡയറക്റ്റ് സെല്ലിങ് അഥവാ ‘ഉല്പന്നധിഷ്ഠിത മണി ചെയിൻ’ ബിസിനസ്സുകൾ

ഇന്ന് ഇത്തരം ഉല്പന്നധിഷ്ഠിത മണി ചെയിൻ ബിസിനസ്സുകൾ ലക്ഷ്യമിടുന്നത് തമിഴ്നാട്ടിലെയും ആന്ധ്രയിലെയും കർഷകരെയാണ്. നല്ലരീതിയിൽ സമ്പത്തുള്ള എന്നാൽ നാട്ടിൽ നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും അറിവില്ലാത്ത കർഷകരെ ഈ ശൃംഖലയിൽ കൊണ്ടുവരുന്നതുവഴി ഇത്തരം സ്ഥാപനങ്ങൾ ലക്ഷ്യമിടുന്നത് കോടികളാണ്.

കഴിഞ്ഞ ദിവസം മണി ചെയിൻ മാതൃകയിൽ പ്രവർത്തിക്കുന്ന multilevel മാർക്കറ്റിംഗ്/ ഡയറക്റ്റ് സെല്ലിങ് സ്ഥാപനങ്ങളെ നിരോധിക്കാനുള്ള കരട് മാർഗരേഖ സർക്കാർ തയാറാക്കി എന്ന വാർത്ത വന്നിരുന്നു. തികച്ചും സ്വാഗതാർഹമായ ഈ തീരുമാനം എടുത്തതിൽ സർക്കാരിനെ അഭിനന്ദിക്കുന്നു. ഇന്ത്യയിൽ മണി ചെയിൻ മാതൃകയിലുള്ള ബിസിനസ്സുകളുടെ നിരോധനം പണ്ടേ നടപ്പാക്കിയിരുന്നു. എന്നാൽ ആ മാതൃകയെ പിന്തുടർന്നാണ് ഇന്ന് പല multilevel മാർക്കറ്റിംഗ്/ഡയറക്റ്റ് സെല്ലിങ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. മണിച്ചെയിൻ രീതിയിൽ ഒരാൾ ഒരു തുക നിക്ഷേപിച്ചാൽ അയാൾക്ക് ഉത്പന്ന രൂപത്തിൽ ഒന്നും തന്നെ ലഭിക്കുകയില്ല. പകരം മറ്റ് ആളുകളെ മണി ചെയിൻ ശൃംഖലയിൽ ചേർക്കുന്നതുവഴി ചേർക്കുന്ന ആൾക്കും അതിനു താഴെ വരുന്ന ആൾക്കും ലാഭവിഹിതം ലഭിക്കുന്ന ഒരു പിരമിഡ് സിസ്റ്റമാണിത്. എന്നാൽ ഇവയുടെ ഇടയിൽ ഒരു ഉത്പന്നം ഇടം പിടിച്ചാൽ അത് മണി ചെയിൻ അല്ലാതെയായി മാറും. അതിനെ ചിലർ ഡയറക്റ്റ് സെല്ലിങ് എന്ന പേരിലും multilevel മാർക്കറ്റിംഗ് എന്ന പേരിലും അവതരിപ്പിക്കുന്നു. (എല്ലാ ഡയറക്റ്റ് സെല്ലിങ്ങും, multilevel മാർകെറ്റിംഗും ഈ രീതിയിലല്ല പ്രവർത്തിക്കുന്നത്)

ഉത്പന്നങ്ങൾ ഉയർന്ന വിലയിൽ:

ഇത്തരം ‘ഉല്പന്നധിഷ്ഠിത മണി ചെയിൻ’ ബിസിനസ്സുകൾ സൗന്ദര്യവർധന ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, നിത്യോപയോഗ ഭക്ഷ്യ വസ്തുക്കൾ, അടുക്കള സാമഗ്രികൾ തുടങ്ങിയവയാണ് കൈകാര്യം ചെയ്യുന്നത്, അതും മാർക്കറ്റിൽ ലഭ്യമായ പ്രീമിയം ബ്രാൻഡുകളെക്കാളും ഉയർന്ന വിലയ്ക്ക്. കാരണം ഇവിടെ ഉത്പന്നം എന്നത് വെറും മണി ചെയിൻ നെ നിയപരമാകാനുള്ള സൂത്രം മാത്രമാണല്ലോ.

വലയിലാകുന്ന സ്ത്രീകൾ:

‘ഉല്പന്നധിഷ്ഠിത മണി ചെയിൻ’ ബിസിനസ്സുകൾ പൊതുവേ എല്ലാ വിഭാഗം ആളുകളെയും ലക്ഷ്യമിടുന്നുണ്ട് എങ്കിലും കൂടുതൽ ‘പരിക്കേൽക്കുന്നത്’ തൊഴിൽ രഹിതർക്കും, വീട്ടമ്മമാർക്കുമാണ്. കാരണം സാമ്പത്തികം അത്യാവശ്യം ഉള്ളവർക്ക് പണം നഷ്ടമായാലും അതൊരു വിഷയമായിരിക്കില്ല. ‘നിങ്ങൾക്കും ആരംഭിക്കാം ഒരു ബിസിനസ്… നേടാം മാസം ലക്ഷങ്ങൾ വരുമാനം’- ഇത്തരം പരസ്യം കണ്ടാൽ വലയിലാവാത്ത മലയാളികൾ വിരളമല്ല..

ഐ ഫോൺ അചീവർ, കാർ അച്ചീവർ:

സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഒരു കാർ സ്വന്തമാക്കുക എന്നത് ഒരു സ്വപനമാണ്. അത് സാക്ഷാത്കരിച്ചവരുടെ പോസ്റ്റർ കണ്ടാൽ ആരും ആഗ്രഹിച്ചുപോകും അതുപോലെ പോസ്റ്ററിൽ പടം വരാൻ. ഇതാണ് ആളുകളെ ആകർഷിക്കാൻ ഇവർ ചെയുന്ന ‘ഹുക്ക്’. ആയിരം പേര് ഒരു ശൃംഖലയിൽ വന്നാൽ അതിൽ ഒരാൾക്കു കാർ സൗജന്യമായി നൽകിയാൽ പോലും അത് ആ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം മാർക്കറ്റിംഗ് ചെലവ് മാത്രമായിരിക്കും.

കോട്ടിന്റെ കളി:

ഇത്തരം സ്ഥാപനങ്ങളുടെ പരിപാടിയിൽ പങ്കെടുക്കണമെങ്കിൽ മിനിമം ഒരു കോട്ട് ആവശ്യമാണ്. സാധാരണയിൽ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം കോട്ട് ധരിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കുക എന്നത് സ്വപ്ന സാക്ഷാത്കാരം ആയിരിക്കുമല്ലോ. ഈ ഒരു ‘കോട്ടുകളുടെ’ ambience സൃഷ്ടിക്കുന്നതുവഴി അവർ പ്രൊഫഷണൽ ആണെന്ന ധാരണ സാധാരണക്കാരിൽ ജനിപ്പിക്കുന്നു.

ഹൈ എനർജി മോട്ടിവേഷൻ:

ആളുകളെ കയ്യിലെടുക്കാൻ കഴിവുള്ള വാക്ചാതുര്യമുള്ള ആളുകളായിരിക്കും ഇതിന്റെ തലപ്പത്ത്. അവരുടെ മോട്ടിവേഷൻ ഉണർത്തുന്ന പ്രസംഗത്തിൽ സാധാരണക്കാരൻ വീണുപോകും. അല്ലായെങ്കിൽ പാവപെട്ട മോട്ടിവേഷൻ സ്‌പീക്കർമാരെ തരക്കേടില്ലാത്ത തുകനൽകി ക്ലാസ്സെടുപ്പിക്കും. മോട്ടിവേഷൻ സ്‌പീക്കർമാർക്കാണെങ്കിൽ ഇതിന് പുറകിലെ കാര്യങ്ങളെക്കുറിച്ച് വലിയ ധാരണകാണില്ല. ഈ മോട്ടിവേഷനിൽ വീണാണ് പല സാധാരണക്കാരും ‘ഉല്പന്നധിഷ്ഠിത മണി ചെയിൻ’ ബിസിനസ്സുകളുടെ കുഴിയിൽ വീഴുന്നത്.

ബിസിനസ്സല്ല.. മാർക്കറ്റിംഗ്..

‘നിങ്ങൾക്കും ചെയ്യാം ബിസിനസ്’ എന്ന തലകെട്ടോടുകൂടിയായിരിക്കും ഇത്തരം സ്ഥാപങ്ങൾ ആളുകളെ നിക്ഷേപത്തിന് ക്ഷണിക്കുന്നത്. ഇതിൽ ‘വീഴുന്ന’ ആളുകൾ ഈ സ്ഥാപനത്തിന്റെ അംബാസിഡർ ആയി തനിയെ രൂപാന്തരപ്പെടും. അതിനുള്ള പരിശീലനമാണ് ഇവർക്ക് പൊതുവെ ലഭിക്കുന്നത്. യഥാർത്ഥത്തിൽ ഇതിൽ ‘വീഴുന്ന’ ആളുകൾ ബിസിനസ് അല്ല ചെയ്യുന്നത്, പകരം ഇവരുടെ ആർക്കും വേണ്ടാത്ത വില കൂടിയ ഉല്പന്നത്തിന്റെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയാണ് മാറുന്നത്. അതുവഴി ഇവർപോലും അറിയാതെ മറ്റുള്ളവരെ ഈ ചതിക്കുഴിയിൽ വീഴ്ത്തുന്നവരായും.

 

ഇന്ന് ഇത്തരം ഉല്പന്നധിഷ്ഠിത മണി ചെയിൻ ബിസിനസ്സുകൾ ലക്ഷ്യമിടുന്നത് തമിഴ്നാട്ടിലെയും ആന്ധ്രയിലെയും കർഷകരെയാണ്. നല്ലരീതിയിൽ സമ്പത്തുള്ള എന്നാൽ നാട്ടിൽ നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും അറിവില്ലാത്ത കർഷകരെ ഈ ശൃംഖലയിൽ കൊണ്ടുവരുന്നതുവഴി ഇത്തരം സ്ഥാപനങ്ങൾ ലക്ഷ്യമിടുന്നത് കോടികളാണ്.

Author:

Siju Rajan

Business and Brand Consultant

http://www.youtube.com/c/sijurajan

Leave a Comment

Your email address will not be published. Required fields are marked *